ബോളിവുഡിനെ അമ്പരപ്പിച്ച് തെന്നിന്ത്യന്‍ ചിത്രം കാന്താര കുതിപ്പ് തുടരുന്നു

സമീപകാലത്ത് പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയിരിക്കുന്ന തെന്നിന്ത്യന്‍ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ ഒര്‍ജിനല്‍ കന്നഡ പതിപ്പ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയതിന് പിന്നാലെ കാന്താരയുടെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയറ്ററുകളില്‍ എത്തി. ഇവയും ഭാഷാഭേദമെന്യേ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കുറച്ചുനാളായി തുടരെ പരാജയം മാത്രം നേരിടുന്ന ബോളിവുഡിലും ഈ തെന്നിന്ത്യന്‍ ചിത്രം വെന്നിക്കൊടി പാറിച്ചു. ഇപ്പോഴിതാ ഹിന്ദി പതിപ്പിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് വിവരമാണ് പുറത്തുവരുന്നത്.

അഞ്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത് 79.25 കോടിയാണ്. വെള്ളി 1.25 കോടി, ശനി 2.30 കോടി, ഞായര്‍ 2.70 കോടി, തിങ്കള്‍ 95 ലക്ഷം, ചൊവ്വ 80 ലക്ഷം, ബുധന്‍ 75 ലക്ഷം, വ്യാഴം 75 ലക്ഷം എന്നിങ്ങനെയാണ് അഞ്ചാം വാരത്തിലെ ദിവസ കണക്ക്. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ പ്രകടനം ചിത്രം തുടരുകയാണെങ്കില്‍ ഈ വാരന്ത്യത്തോടെ 100 കോടി ക്ലബ്ബില്‍ ഹിന്ദി പതിപ്പെത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍.

 

Exit mobile version