തിരുവനന്തപുരം: ആന്ധ്രപ്രദേശില്‍ നിന്നും കാറില്‍ കടത്തി കൊണ്ടു വന്ന നാല് കിലോ കഞ്ചാവുമായി മോഷണക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് പേരെ പിടികൂടി. കൊല്ലം പാരിപ്പള്ളി പുത്തന്‍കുളം നന്ദുഭവനില്‍ നന്ദു (28), വെള്ളറട കലുങ്ക്‌നട ശാന്തറതലയ്ക്കല്‍ പുത്തന്‍വീട്ടില്‍ വിപിന്‍ (26), തെന്നൂര്‍ പെരിങ്ങമ്മല ഗാര്‍ഡര്‍ സ്റ്റേഷന്‍, മുംതാസ് മന്‍സിലില്‍ മുഹമ്മദ് (22), എന്നിവരെയാണ് സിറ്റി നര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രതികള്‍ നര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ ടീമിന്റെ രഹസ്യനിരീക്ഷണത്തില്‍ ആയിരുന്നു.
ആന്ധ്രയില്‍ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി തമിഴ് നാടിന്റെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് നഗരത്തിലെത്തിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിവിധ സ്ഥലങ്ങളില്‍ നിന്നും മറ്റു ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് റെന്റ് എ കാര്‍ വാടകയ്‌ക്കെടുത്താണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. പ്രതികളെ ചോദ്യം ചെയ്തതിലും മറ്റു അന്വേഷണങ്ങള്‍ നടത്തിയതിലും പ്രധാന പ്രതിയായ നന്ദു തൈക്കാട് ആശുപത്രി ഓഫീസില്‍ കയറി ലാപ്‌ടോപ്പ് മോഷണം നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.