കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശി സുശാന്തിനെയാണ് രണ്ടര മണിക്കൂറിനൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയില്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് സുശാന്ത് മണ്ണിനടിയില്‍ കഴിഞ്ഞത്.
സുശാന്തിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. ആംബുലന്‍സിലും വൈദ്യസഹായത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കോട്ടയം ജനറല്‍ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റുക. രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞത് ആശങ്ക വര്‍ധിപ്പിച്ചുവെങ്കിലും ഒടുവില്‍ ജീവന് ഒരപകടവും സംഭവിക്കാതെ സുശാന്തിനെ പുറത്തെടുക്കാന്‍ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് നാട്ടുകാരും.
കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയില്‍ സുശാന്ത് കഴിയുമ്പോള്‍ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട് സംരക്ഷണഭിത്തിക്ക് സമാനമായ സംവിധാനമൊരുക്കുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷം ജെ.സി.ബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് സുശാന്തിനെ പുറത്തെടുത്തത്.
Discussion about this post