രാജീവ് ഗാന്ധി വധക്കേസ്; ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെ കേന്ദ്രം പുനഃപരിശോധന ഹര്‍ജി നല്‍കി

ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. മോചിപ്പിക്കാനുള്ള ഉത്തരവ് വിശദമായി വാദം കേള്‍ക്കാതെയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രം പുനഃപരിശോധന ഹര്‍ജി നല്‍കുന്നത്. കുറ്റവാളികളായ നളിനിയേയും മറ്റ് അഞ്ച് പേരെയും നവംബര്‍ പതിനൊന്നിനാണ് സുപ്രീംകോടതി മോചിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാനാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു. കേസിലെ ആറ് പ്രതികളില്‍ രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയുരുന്നു. കോടതി രാജ്യത്തിന്റെ വികാരം മനസിലാക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ തീരുമാനം പൂര്‍ണ്ണമായും തെറ്റ്. അംഗീകരിക്കാനാവില്ലെന്നുമാണ് ജയറാം രമേശ് പറഞ്ഞു.

 

Exit mobile version