വാരണസി: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വാരാണസി കോടതി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് മസ്ജിദ് പരിപാലന സമിതി നല്കിയ അപേക്ഷ കോടതി നിരസിച്ചു. ഹര്‍ജിയില്‍ വാരാണസി ജില്ലാ കോടതി വാദം കേള്‍ക്കും.
അതേസമയം ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ തുടരാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മസ്ജിദിലെ കുളത്തില്‍ ശിവലിംഗത്തിന് സമാനമായ വസ്തു കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ കോടതിയില്‍ നല്‍കിയത്. സുരക്ഷയ്ക്കുള്ള ഉത്തരവിന്റെ കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ഇക്കാര്യം പരിഗണിച്ചത്. മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കുള്ള അനുവാദം തുടരും.
വാരാണസി ജില്ലാ മജിസ്ട്രേറ്റിനാവും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം. വാരാണസി സിവില്‍ കോടതിയില്‍ പരിഗണനയിലുള്ള എല്ലാ വിഷയങ്ങളും ഒന്നിച്ചാക്കുന്ന കാര്യം ജില്ലാ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേയ്ക്കായുള്ള വാരാണസി കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ഈ മാസം 28ലേക്ക് മാറ്റി.
Discussion about this post