രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍, പൊലീസില്‍ പരാതി നല്‍കി

ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകന്‍ പൊലീസില്‍ പരാതി നല്‍കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയാണ് പരാതി.

ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചു, ബ്രിട്ടീഷുകാരില്‍ നിന്നും സവര്‍ക്കര്‍ പെന്‍ഷന്‍ പറ്റി തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സവര്‍ക്കറുടെ കൊച്ചുമകന്‍ പരാതി നല്‍കിയത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനും സമാന പരാമര്‍ശം നടത്തിയെന്നും അദ്ദേഹത്തിന് എതിരെയും മാനനഷ്ട കേസ് എടുക്കണമെന്ന് രഞ്ജിത്ത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ മൂന്നിന് രാജസ്ഥാനില്‍ എത്തും. ആല്‍വാറില്‍ റാലി സംഘടിപ്പിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദൊത്താസ്ര, വിഭാകര്‍ ശാസ്ത്രി എന്നിവര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെയാണ് യാത്ര ആല്‍വാറിലെത്തുക. യാത്രയ്ക്കിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രചാരണത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Exit mobile version