ചെന്നൈ: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ശ്രീഹരിക്കോട്ട. സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന ഹൈദരാബാദ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പിന്റെ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിനായി കാത്തിരിക്കുകയാണ് രാജ്യം.
ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുത്തന്‍ കുതിപ്പിന് തുടക്കമാകുകയാണ് നാളെ. ആറ് മീറ്റര്‍ ഉയരവും 545 കിലോഭാരവുമുള്ള വിക്രം എസ് എന്ന സൗണ്ടിംഗ് റോക്കറ്റ് വരാനിരിക്കുന്ന കാലത്തിന്റെ സൂചനയാണ്. രാവിലെ 11.30ന് ഈ ചെറു റോക്കറ്റ് കുതിച്ചുയരുന്നതോടെ റോക്കറ്റ് വിക്ഷേപണം ഐഎസ്ആര്‍ഒയുടെ മാത്രം കുത്തകയല്ലാതായി മാറും. വെറും അഞ്ച് മിനുട്ട് നീണ്ടു നില്‍ക്കുന്നതാണ് ദൌത്യം.
ഉപരിതലത്തില്‍ നിന്ന് 81.5 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം റോക്കറ്റ് കടലില്‍ പതിക്കും. ഈ ചെറു സമയം കൊണ്ട് ഭാവി ദൗത്യങ്ങള്‍ക്ക് ആവശ്യമായ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കും. ഭാവിയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന വലിയ റോക്കറ്റുകളില്‍ പ്രയോഗിക്കേണ്ട സാങ്കേതിക വിദ്യകളുടെ പരീക്ഷണമാണ് വിക്രം എസിലൂടെ നടക്കുന്നത്.
പൂര്‍ണമായും ഖര ഇന്ധനമാണ് വിക്രം എസില്‍ ഉപയോഗിക്കുന്നതെങ്കിലും ഭാവി ദൗത്യങ്ങളില്‍ സെമിക്രയോജനിക് സാങ്കേതിക വിദ്യ അടക്കം പരീക്ഷിക്കപ്പെടും. മൂന്ന് ചെറു പരീക്ഷണങ്ങളാണ് ഇത്തവണ റോക്കറ്റ് കൂടെ കൊണ്ടുപോകുന്നത്. സ്‌പേസ് കിഡ്‌സ് ഇന്ത്യ, അര്‍മേനിയയില്‍ നിന്നുള്ള ബസൂംക്യു. എന്‍ സ്‌പേസ് ടെക് ഇന്ത്യ എന്നിവര്‍ നിര്‍മ്മിച്ച ചെറു ഉപകരണങ്ങളാണ് ആദ്യ ദൗത്യത്തിലെ സഹയാത്രികര്‍. റോക്കറ്റിനെ വിക്ഷേപിക്കാനും വിക്ഷേപണ ശേഷം പിന്തുടരാനും ആവശ്യമായ സഹായം ഐഎസ്ആര്‍ഒ നല്‍കും. സമീപ ഭാവിയില്‍ തന്നെ വിക്രം ശ്രേണിയില്‍ മൂന്ന് ഉപഗ്രഹ വിക്ഷേപണ വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് സ്‌കൈറൂട്ട് എയറോസ്‌പേസിന്റെ ലക്ഷ്യം.