വാഴ്‌സോ: പോളണ്ട് അതിര്‍ത്തിയിലെ മിസൈലാക്രമണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ റഷ്യക്ക് അനുകൂല നിലപാടുമായി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത്. മിസൈല്‍ വിക്ഷേപിച്ചത് റഷ്യയാകാനിടയില്ല എന്നാണ് ബൈഡന്‍ അഭിപ്രായപ്പെട്ടത്. മിസൈല്‍ റഷ്യന്‍ നിര്‍മിതമെന്ന് പോളണ്ട് വ്യക്തമാക്കിയപ്പോള്‍ ആണ് ബൈഡന്‍ നിലപാട് അറിയിച്ചത്. റഷ്യയുടെ മിസൈല്‍ ആയിരിക്കുമെങ്കിലും വിക്ഷേപിച്ചത് റഷ്യയല്ലെന്നാണ് നാറ്റോയെ യു എസ് പ്രസിഡന്റ് അറിയിച്ചത്. മിസൈലിന്റെ സഞ്ചാരപഥം വച്ചാണ് യു എസ് പ്രസിഡന്റെ നിര്‍ണായകമായ നിഗമനമത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.
സ്ഫോടനത്തിനു പിന്നില്‍ യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനമാകാം എന്ന സൂചനയും അമേരിക്ക നാറ്റോയോട് പങ്കുവച്ചെന്നാണ് റിപ്പോര്‍ട്ട്. നാറ്റോ അംഗരാജ്യമാണ് പോളണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ സായുധ ആക്രമണം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കണമെന്നതാണ് നാറ്റോയിലെ ധാരണ. എന്നാല്‍ റഷ്യയുടെ ആക്രമണമല്ലെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് വന്നതോടെ നാറ്റോയുടെ തീരുമാനവും അതിനനുസരിച്ചാകും. സംഭവത്തില്‍ പോളിഷ് ഗവണ്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോളണ്ടിന്റെ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം ഉണ്ടാകുക.
അതേസമയം പോളണ്ടിലെ മിസൈലാക്രമണത്തിന് പിന്നില്‍ യുക്രൈന്റെ കുടില ബുദ്ധിയാണെന്നാണ് റഷ്യയുടെ പക്ഷം. മിസൈലാക്രമണത്തിന് പിന്നില്‍ യുക്രൈന്റെ വ്യോമപ്രതിരോധ സംവിധാനം എന്നും റഷ്യ ആരോപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളാക്കാനുള്ള യുക്രൈന്റെ ബോധപൂര്‍വമുള്ള പ്രകോപനമെന്നും റഷ്യ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ പോളണ്ടിലെ യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് പതിനഞ്ചു കിലോമീറ്റനുള്ളിലാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ടു പോളണ്ടുകാര്‍ മരണപ്പെട്ടിരുന്നു.