കൊച്ചി: യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം നിയമനിര്‍മാണം നടത്തണമെന്ന് യാക്കോബായ സഭ. സമാധാന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭ പിന്‍മാറിയത് അപലപനീയമാണെന്ന് യാക്കോബായ സഭ വിമര്‍ശിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഏകപക്ഷീയമായ പ്രസ്താവന നടത്തി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുന്നതെന്നും യാക്കോബായ സഭ ആരോപിച്ചു. നിയമനിര്‍മാണത്തിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ വേണമെന്നും യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ മധ്യസ്ഥതയില്‍ ഇന്നലെ നടത്തിയ സഭാ തര്‍ക്ക ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സര്‍ക്കാരുമായി മൂന്നാം വട്ടവും നടത്തിയ ചര്‍ച്ചയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ പ്രതിനിധികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഇരിയൊരു ചര്‍ച്ചയുണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി സഭാ പ്രതിനിധികളെ അറിയിച്ചു. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭയും നിയമനിര്‍മ്മാണം വേണമെന്ന് യാക്കോബായാ സഭയും ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. സഭാ നിലപാട് സര്‍ക്കാരിനേയും ഹൈക്കോടതിയേയും അറിയിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ ഭാരവാഹികള്‍ അറിയിച്ചു.
ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്‌നങ്ങളില്‍ തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിന്റെ തീരുമാന പ്രകാരമാണ് തുടര്‍ചര്‍ച്ചകള്‍. ഓര്‍ത്തഡോക്‌സ്- യാക്കോബായ കേസില്‍ മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്.