മലപ്പുറം: കെ സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവന ലീഗ് യോഗം ചര്‍ച്ച ചെയ്തെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുമായി സംസാരിച്ചു. കെ സുധാകരന് സാദിഖലി തങ്ങളുമായി സംസാരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്നും പി എം എ സലാം പറഞ്ഞു. ലീഗിന്റെ ശക്തമായ പ്രതിഷേധം ഫലം കണ്ടെന്നാണ് വിശ്വാസം. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ലീഗ് യുഡിഎഫില്‍ തന്നെ തുടരുമെന്നും പി എം എ സലാം പറഞ്ഞു.
അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ തനിക്കെതിരായ പടയൊരുക്കം ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷ പദം ഒഴിയാനുള്ള സന്നദ്ധത രാഹുല്‍ ഗാന്ധി സുധാകരന് അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സുധാകരന് ഇത് നിഷേധിച്ചു. എന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണ്. ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ഫാസിസ്റ്റ് ശക്തികളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ ഉദ്യമം ഏറ്റെടുത്ത് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുല്‍ ഗാന്ധിക്ക് അലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം എനിക്കില്ല. ഇങ്ങനെ ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്കാണെന്ന സംഘടനാബോധം എനിക്കുണ്ട്. എന്നാല്‍ അതിന് കടകവിരുദ്ധമായി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post