കൊച്ചി: പ്രിയ വര്‍ഗീസിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല. അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു.
പ്രിയ വര്‍ഗീസിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് യുജിസി ആവര്‍ത്തിച്ചു. 10 വര്‍ഷം അസി. പ്രൊഫസര്‍ ആയി അധ്യാപന പരിചയം വേണം. പ്രിയയുടെ ഹാജരിലും യുജിസി സംശയം പ്രകടിപ്പിച്ചു. പിഎച്ച്ഡി കാലയളവിലെ ഹാജര്‍ രേഖയിലാണ് യുജിസി സംശയം പ്രകടിപ്പിച്ചത്. 147 ഹാജര്‍ വേണ്ടിടത്ത് പത്ത് ഹാജരാണ് പ്രിയയ്ക്കുള്ളത്. എന്നിട്ടും ഹാജര്‍ തൃപ്തികരമെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് യുജിസി കോടതിയില്‍ പറഞ്ഞു.
പ്രിയാ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ എങ്ങനെയാണു സ്‌ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂര്‍ സര്‍വകലാശാലയോടു ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വര്‍ഗീസിനെ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമിച്ചതെന്നാണ് സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ഏറ്റവും മികച്ച ആളാകണം അധ്യാപകരാകേണ്ടതെന്നും ഏത് തലത്തിലുള്ള നിയമനമാണെങ്കിലും യോഗ്യതയില്‍ വിട്ട് വീഴ്ച പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post