മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് ട്രെയിനിംഗ് കേന്ദ്രത്തില്‍ എസ്‌ഐ ജീവനൊടുക്കി. ധൂലെ ജില്ലയിലെ പോലീസ് പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. നാസിക് സ്വദേശിയായ പ്രവീണ്‍ വിശ്വനാഥ് ആണ് പരിശീലന കേന്ദ്രത്തിലെ മുറിയില്‍ തൂങ്ങിമരിച്ചത്. 2019 മുതല്‍ ധൂലെയിലെ പൊലീസ് പരിശീലന കേന്ദ്രത്തില്‍ ആയ്ിരുന്നു പ്രവീണിന് നിയമനം.
ഇയാളുടെ മുറിയില്‍ നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആരെയും കുറ്റപ്പെടുത്തരുതെന്നും ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 21ന് നടക്കാനിരുന്ന കോണ്‍വൊക്കേഷന്‍ ചടങ്ങിന്റെ സംഘാടനത്തിലായിരുന്നു പ്രവീണ്‍. ചൊവ്വാഴ്ച ഉച്ചവരെ പൊലീസ് ഉദ്യോഗസ്ഥന്‍ സംഘാടനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.
വൈകുന്നേരത്തോടെ പ്രവീണിന്റെ അഭാവം ശ്രദ്ധയില്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് റൂമിലെത്തി. എന്നാല്‍ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോളാണ് പ്രവീണിനെ റൂമിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ സിറ്റി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ നിതിന്‍ ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാതില്‍ തുറന്ന് പ്രവീണിന്റെ മൃതദേഹം താഴെയിറക്കി.
Discussion about this post