കാക്കനാട് ഫ്‌ളാറ്റ് കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു: പ്രതി അര്‍ഷാദ് മാത്രം

കൊച്ചി: കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണന്റെ കൊലപാതകത്തില്‍ പയ്യോളി സ്വദേശി അര്‍ഷാദ് ആണ് പ്രതി. പൊലീസ് നല്‍കിയ കുറ്റപത്രം അനുസരിച്ച് കേസില്‍ നൂറിലേറെ തെളിവുകളും 150 സാക്ഷികളും ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രതി അര്‍ഷാദിനെതിരെ കൊലക്കുറ്റത്തിന് പുറമെ മോഷണം, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആഗസ്റ്റ് 16 ന് ആണ് സജീവ് കൃഷ്ണന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഫ്‌ലാറ്റിലെ ഡക്ടില്‍ കണ്ടെത്തിയത്. ലഹരിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. അര്‍ഷാദിനെ ഒറ്റയ്ക്ക് കൊല ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യഘട്ടത്തിലെ നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിന് ഒടുവില്‍ അര്‍ഷാദ് ഒറ്റയ്ക്കാണ് കൃത്യം ചെയ്തതത് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.

സജീവ് കൃഷണയെ ക്രൂരമായി കൊലപ്പെടുത്തിയ അര്‍ഷാദ് ഫ്‌ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞാണ് മൃതദേഹം ഒളിപ്പിച്ചത്. ലഹരി ഇടപാട് നടത്തിയിരുന്ന അര്‍ഷാദിന് കൊല്ലപ്പെട്ട സജീവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അര്‍ഷാദ് പൊലീസിനോട് പറഞ്ഞത്. കൊലയ്ക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാസര്‍കോട് നിന്നുമാണ് പൊലീസ് പിടികൂടിയത്. അന്നേരവും ഇയാള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള മയക്ക്മരുന്ന ഇടപാടുകാര്‍ക്ക് അര്‍ഷാദുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

 

Exit mobile version