ദോഹ: ഖത്തറിന്റെ ലോകകപ്പ് ആവേശം കൂട്ടാന്‍ ഓരോ ദിവസവും ചിത്രങ്ങളും ഗ്രാഫിക്‌സുകളും വീഡിയോകളും ഫിഫ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇവയില്‍ ഏറ്റവും ഒടുവിലായി ഫിഫ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവര്‍ ചിത്രം വലിയ ചര്‍ച്ചയായി. സമകാലിക ഫുട്‌ബോള്‍ ഇതിഹാസമായിട്ടും ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറുടെ ഫോട്ടോ ഈ ചിത്രത്തിലില്ല. ബ്രസീല്‍ ആരാധകര്‍ക്ക് ഇത് അത്ര പിടിച്ചിട്ടില്ല. പരിഭവങ്ങളും പരാതികളും ട്രോളുകളുമായി മലയാളികള്‍ ഉള്‍പ്പടെയുള്ള ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫിഫയുടെ കവര്‍ ചിത്രത്തിന് താഴെ മലയാളത്തിലും നിരവധി കമന്റുകളുണ്ട്.
അര്‍ജന്റീനയുടെ ലിയോണല്‍ മെസി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഫിഫ ലോകകപ്പിന്റെ എഫ്ബി പേജില്‍ പുതിയ കവര്‍ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബ്രസീല്‍ ആരാധകര്‍ സുല്‍ത്താനെന്ന് വാഴ്ത്തുമ്പോഴും നെയ്മറെ ഫിഫയ്ക്ക് പോലും വേണ്ടാ എന്ന പരിഹാസത്തോടെ അര്‍ജന്റീനയടക്കമുള്ള ടീമുകളുടെ ഫാന്‍സ് രംഗത്തെത്തിയതോടെയാണ് ഈ പോസ്റ്റിന് താഴെ കമന്റ് യുദ്ധം ആരംഭിച്ചത്.
ബ്രസീലിനെ കിരീടം നേടാനുള്ള ടീമായി പോലും ഫിഫ കാണുന്നില്ല എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. പരിഹാസങ്ങള്‍ കണ്ട് തലതാഴ്ത്തി മിണ്ടാതിരിക്കാന്‍ കാനറിപ്പട തയ്യാറല്ല. ഫിഫ നൈസായി ഒഴിവാക്കിയിട്ടില്ലെന്ന് ആക്ഷേപങ്ങള്‍ക്ക് മറുപടിയായി എഫ്ബിയിലെ മറ്റൊരു പോസ്റ്റ് ചൂണ്ടിക്കാട്ടി വാദിക്കുകയാണ് കാനറികളുടെയും സുല്‍ത്താന്റേയും ആരാധകര്‍. ബ്രസീലിയന്‍ ഫുട്‌ബോളിനെ കുറിച്ച് ഫിഫ പ്രത്യേക പോസ്റ്റ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് ഇവരുടെ പക്ഷം. നെയ്മര്‍ക്കൊപ്പം യുവ വിസ്മയം വിനീഷ്യസ് ജൂനിയറും കോച്ച് ടിറ്റെയും ഈ പോസ്റ്റിനൊപ്പമുള്ള ചിത്രത്തില്‍ കാണാം. മലയാളി ആരാധകരുടെ ശക്തി ഫിഫ ഒരിക്കല്‍ക്കൂടി അറിഞ്ഞിരിക്കുകയാണ്. നേരത്തെ പുള്ളാവൂരിലെ മെസി-നെയ്മര്‍-റോണോ കട്ടൗട്ടുകള്‍ ഫിഫ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ സ്‌നേഹത്തെ വാഴ്ത്തിയിരുന്നു.
Discussion about this post