ഉന്നത വിദ്യാഭ്യാസരംഗത്ത് സംഘ പരിവാർ ഇടപെടല്‍ അനുവദിക്കാനാവില്ല: യെച്ചൂരി

എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ബി.ജെ.പി – ആർ.എസ്.എസ് ഇടപെടൽ അനുവദിക്കാനാവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളതെന്നും കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളത്. പ്രതിഷേധം വ്യക്തിപരമല്ലെന്നും നയങ്ങളോടുളള പ്രതിഷേധമാണറിയിക്കുന്നതെന്നും യെച്ചൂരി വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ മാത്രമല്ല പ്രശ്നങ്ങളുള്ളത്. പശ്ചിമ ബംഗാൾ, തമിഴ് നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്.

https://youtu.be/I99kZyOJFsM

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റമെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഗവർണർ ചാൻസിലറായത് സ്വഭാവികമായല്ല. സംസ്ഥാന നിയമങ്ങൾ പ്രകാരമാണ് ഗവർണർക്ക് ചാൻസിലർ പദവികൂടി ലഭിച്ചത്. സംസ്ഥാന നിയമമാണ് പ്രധാനം. നിർഭാഗ്യവശാൽ ചില കോടതി വിധികൾ സംസ്ഥാന നിയമങ്ങൾക്ക് എതിരെയുണ്ടായി. യുജിസി മാർഗ്ഗ നിർദേശങ്ങളാണ് പ്രധാനമെന്ന് കേന്ദ്രം പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ട ഗവർണർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. ഇതൊരു നയപരമായ പ്രശ്നമാണ്, വ്യക്തിപരമായ പ്രശ്നമല്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 30 വർഷത്തിലേറെയായി അറിയാമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനിടയിൽ, വ്യക്തിപരമായി അദ്ദേഹവുമായി വിയോജിക്കേണ്ടി വന്നില്ല. ഇപ്പോഴും നയപരമായ കാര്യത്തിലാണ് അദ്ദേഹവുമായുള്ള വിയോജിപ്പ്. ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തെ സംരക്ഷിക്കാനാണ് സമരമെന്നും യെച്ചൂരി പറഞ്ഞു.

ഭരണഘടനാപരമായ പദവിയാണെന്ന് തിരിച്ചറിയാതെ കേന്ദ്രത്തിന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ ഗവർണർമാർ ശ്രമിക്കുന്നതിന്‍റെ ഫലമാണ് ഇത്തരം പ്രതിഷേധങ്ങളെന്നും അതുകൊണ്ടാണ് ഇതൊരു നയപരമായ പ്രശ്നമാണെന്ന് പറഞ്ഞതെന്നും യെച്ചൂരി പറഞ്ഞു.

Exit mobile version