കൊച്ചി: എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് കാണിച്ച് ഹര്‍ജി സമര്‍പ്പിച്ച കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കണമെന്ന് ഏതെങ്കിലും വ്യക്തിയോ സംഘടനയോ ആഹ്വാനം ചെയ്തിട്ടുണ്ടോ, അല്ലെങ്കില്‍ സര്‍ക്കാര്‍ അത്തരമൊരു ഉത്തരവ് ഇറക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് സുരേന്ദ്രന്റെ അഭിഭാഷകനോട് കോടതി ചോദിച്ചത്.
വ്യക്തമായ വിശദീകരണം ഒന്നും നല്‍കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. ഇത്തരമൊരു ആരോപണവുമായി വരുമ്പോള്‍ മതിയായ തെളിവുകളില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചത്.
https://youtu.be/NKk_7cs3sG0
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഏതെങ്കിലും പരാതി സുരേന്ദ്രന്‍ നല്‍കിയെങ്കില്‍ അത് പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.
രാജ്ഭവന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ന് നടക്കുന്ന പ്രതിഷേധമാർച്ചിൽ സർക്കാർ ജീവനക്കാരെ പങ്കെടുപ്പിക്കുന്നത് തടയണം എന്നായിരുന്നു സുരേന്ദ്രന്റെ ഹർജി. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി പ്രതിഷേധകൂട്ടായ്മ നടത്തുന്നത്.