തിരുവനന്തപുരം: നഗരത്തിലെ യാത്രക്കാര്‍ക്ക് പ്രിയങ്കരമായി മാറിക്കഴിഞ്ഞ സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസില്‍ കൂടുതല്‍ ബസുകളെത്തിക്കാന്‍ തീരുമാനം. സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിലേക്ക് പുതിയതായി 10 ഇലക്ട്രിക് ബസുകള്‍ കൂടിയാണ് എത്തിയത്. നേരത്തെ സര്‍വ്വീസ് നടത്തിയിരുന്ന 25 ബസുകള്‍ക്ക് പുറമെയാണ് പുതിയ 10 ബസുകള്‍ കൂടെ എത്തിയത്. ഇതോടെ കെ എസ് ആര് ടി സി – സ്വിഫ്റ്റ് വഴി സിറ്റി സര്‍ക്കുലറില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളുടെ എണ്ണം 35 ആയിട്ടുണ്ടെന്നും ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചിട്ടുണ്ട്.
2022 ആഗസ്റ്റ് 1 നാണ് കെഎസ്ആര്‍ടിസി, സ്വിഫ്റ്റ് ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍ക്കുലറില്‍ സര്‍വ്വീസ് ആരംഭിച്ചത്. 50 ബസുകള്‍ക്കുള്ള ഓഡര്‍ ആണ് നല്‍കിയിരുന്നത്. ആദ്യ ഘട്ടത്തില്‍ 25 ബസുകളും ഇപ്പോള്‍ 10 ബസുകള്‍ കൂടെയത്തി. ഉടന്‍ തന്നെ 5 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍ക്കുലറിന്റെ ഭാഗമാകും. അത് തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ബാക്കിയുള്ള 10 ബസുകള്‍ അടുത്തമാസം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
നിലവില്‍ ഡീസല്‍ ബസുകള്‍ സിറ്റി സര്‍വ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റര്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ചിലവ് വരുന്നത്. ഇലക്ട്രിക് ബസുകളില്‍ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉള്‍പ്പെടെ ഒരു കിലോ മീറ്റര്‍ സര്‍വ്വീസ് നടത്താന്‍ 23 രൂപമാത്രമാണ് ചിലവ് വരുന്നത്. ഇതിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്. ചരിത്രത്തില്‍ ആദ്യമായി സര്‍വ്വീസുകള്‍ ലാഭത്തില്‍ ആകുകയും ചെയ്തിരുന്നു.
നിലവിലെ ഇന്ധന വിലവര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുന്നത്. തമ്പാനൂര്‍, കിഴക്കേകോട്ട, പാപ്പനംകോട്, വികാസ് ഭവന്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര, തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകളും നിലവില്‍ ഉണ്ട്. സിറ്റി സര്‍ക്കുലറില്‍ ദിനം പ്രതി 1000 യാത്രക്കാരില്‍ നിന്നും 35,000 യാത്രക്കാര്‍ ആയി മാറിയത് ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ്.
Discussion about this post