ഗവര്‍ണറെ പന പോലെ വളര്‍ത്തിയത് മുഖ്യമന്ത്രി, പൊലീസിലെ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്നതും പിണറായിയെന്ന് സതീശന്‍

തിരുവനന്തപുരം: ഗവര്‍ണറെ പന പോലെ വളര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള സര്‍വ്വകലാശാലയില്‍ വി സി വേണ്ട എന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും സതീഷന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്യിക്കുന്നു. നിയമവിരുദ്ധമായി വിസി മാരെ നിയമിച്ച ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബ്രയിന്‍ ഡ്രയിനാണ് നടക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒരു തര്‍ക്കവുമില്ല. അവര്‍ ഒരുമിച്ചാണ് എല്ലാം നടത്തുന്നത്. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് എല്ലാ വിസി നിയമനവും. ഗവര്‍ണര്‍ ഇപ്പോള്‍ ഒരു മുഴം നീട്ടിയെറിഞ്ഞെന്നേ ഉള്ളൂ. കൊടുക്കല്‍ വാങ്ങലുകളാണ് ഇവിടെ നടക്കുന്നത്. സര്‍വകലാശാലകളെ കമ്യൂണിസ്റ്റ് വത്കരിക്കാനുളള നീക്കത്തെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് എല്ലായിടത്തും കമ്മ്യൂണിസ്റ്റ് വത്ക്കരണമാണ് നടക്കുന്നത്. പ്രത്യേകിച്ചും ക്രമസമാധാന മേഖലയില്‍ ഇത് പ്രകടമാണ്. ഒരു പൊലീസുകാരന്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് മാങ്ങാ മോഷ്ടിച്ചു. തൊട്ടുപിന്നാലെ മറ്റൊരു പൊലീസുകാരന്‍ വീട്ടില്‍ കയറി അലമാരയില്‍ ഇരുന്ന സ്വര്‍ണം മോഷ്ടിച്ചു. ഇപ്പോള്‍ 2019ലും 2020ലും 2021ലും സ്ത്രീകളെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥകളാണ് പുറത്ത് വരുന്നത്. പരാതിയുമായി എത്തുന്ന സ്ത്രീയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പരാതികളുമായി എത്തുന്ന സ്ത്രീകള്‍ക്കെതിരെ വൃത്തികെട്ട സ്വഭാവം കാട്ടുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നതെന്ന് സതീശന്‍ ചോദിച്ചു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. ഇതിന് മുന്‍പ് 32 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥനെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ സിപിഎമ്മിലുള്ള സ്വാധീനത്തെ തുടര്‍ന്ന് അയാള്‍ ഇപ്പോള്‍ സര്‍വീസില്‍ തിരിച്ചെത്തിയിരിക്കുകയാണ്. പൊലീസിലെ ക്രിമിനലുകള്‍ക്ക് കുടപിടിച്ച് കൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും. ഇത് അപകടകരമായ നിലയില്‍ കേരളത്തിലെ പൊലീസിനെ നിര്‍വീര്യമാക്കുകയാണ്. ഗുണ്ടകളും മയക്ക് മരുന്ന് മാഫിയകളും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി.

Exit mobile version