ഫുട്ബോൾ മത്സരത്തിനായി കളിക്കാർ ടണലിലൂടെ മൈതാനത്തേക്ക് വരുന്നതൊരു ഒന്നൊന്നര കാഴ്ചയാണ്. തിടമ്പേറ്റിയ കൊമ്പൻമാർ വരുന്നതുപോലൊരു ഗാംഭീര്യമുള്ള കാഴ്ച. അവർക്കെൊപ്പം അവരുടെ വിരലിൽ തൂങ്ങി കുട്ടിക്കൂട്ടവും ഉണ്ടാകും. ഫുട്ബോൾ മത്സരങ്ങളിൽ പതിവായി കണ്ടിരുന്ന ഈ രീതി ഇപ്പോൾ ടി- 20 അടക്കമുള്ള ക്രിക്കറ്റ് മത്സരങ്ങളിലും കാണാം. എന്തിനാണ് കുട്ടികൾ കളിക്കാരെ അകമ്പടി സേവിക്കുന്നത്. കളിയുമായി ഈ കുട്ടികൾക്ക് എന്താണ് ബന്ധം? അതെക്കുറിച്ചാണ് പറയുന്നത്.
കളിക്കളത്തിലേക്ക് പ്രവേശിക്കുന്ന താരങ്ങളെ അനുഗമിക്കുന്ന കുട്ടികളെ പ്ലെയർ എസ്‌കോർട്ട് എന്നാണ് വിളിക്കുന്നത്. മാച്ച് മാസ്‌കോട്ട് അല്ലെങ്കിൽ മാസ്കോട്ട് ചിൽഡ്രൺ എന്നും ഈ കുട്ടികൾ അറിയപ്പെടുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് മൈതാനത്തെത്തുന്ന കളിക്കാർക്കൊപ്പം കൈപിടിച്ച് അകമ്പടിയായി എത്തുന്ന കുട്ടികൾ, ദേശീയ ഗാനസമയത്തും താരങ്ങൾക്കൊപ്പമുണ്ടാകും. സാധാരണയായി 6 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എസ്കോട്ടിനെത്തുക.
https://youtu.be/W2evNKqnsPU
പണ്ട് താരങ്ങൾ പരസ്പരം കൈപിടിച്ചായിരുന്നു മൈതാനത്തിലേക്ക് വന്നിരുന്നത്. 1990കൾക്ക് ശേഷമാണ് പ്ലെയർ എസ്‌കോർട്ട് രീതി വ്യാപകമായത്. 2000ലെ യുറോ കപ്പിൽ ഓരോ താരങ്ങൾക്കും അകമ്പടിയായി കുട്ടികൾ പ്ലേയർ എസ്കോർട്ടായി എത്തിയത് ശ്രദ്ധേയമായി.
കുട്ടികളെ അകമ്പടിക്കാരാക്കിയതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് തങ്ങളെന്നും തങ്ങളെ കണ്ടാണ് വരും തലമുറ വളരുന്നതെന്നും കളിക്കാരെ ഓർമിപ്പിക്കുക എന്നതാണ്. കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രചരണങ്ങളെ പ്രോത്സാഹിപ്പിക്കുക, പരസ്പരം കടിച്ചു കീറി പോരാടുന്ന മത്സരങ്ങൾക്കിടയിലും കളിയുടെ നിഷ്കളങ്കത നിലനിർത്തുക, കുട്ടികളുടെ അവരുടെ സ്വപ്നസാക്ഷാത്കാരത്തിന് പ്രചോദനമാകുക തുടങ്ങിയ കാരണങ്ങളുമുണ്ട്.
പ്ലേയർ എസ്കോട്ടിനും ഉണ്ട് ചില ചുമതലകൾ. കളിക്കാരെ സഹായിക്കുക, അവർക്ക് വേണ്ടി പതാകകൾ വഹിക്കുക, സൈഡ്‌ലൈൻ ബോൾ ക്രൂവിനെ സഹായിക്കുക തുടങ്ങിയവയും കുട്ടികളുടെ ഉത്തരവാദിത്വങ്ങളാണ്.
Discussion about this post