കോട്ടയം: മങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ ഒമ്പത് പെൺകുട്ടികളെയും കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളത്തു നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കൂത്താട്ടുകളുത്തിലെ ഇലഞ്ഞിയിൽ ഒരു പെൺകുട്ടിയുടെ ബന്ധുവിന്റെ വീട്ടിൽ പെൺകുട്ടികൾ ഉണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഉടൻ തന്നെ ഇവരെ മടക്കി കൊണ്ടുവന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് വിവരം.
ഇന്ന് രാവിലെ 5.30ഓടെയാണ് മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിനന് പെൺകുട്ടികളെ കാണാതായ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് പൊലീസ് സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ എറണാകുളം ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ കൂത്താട്ടുകുളത്തുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.
https://youtu.be/W2evNKqnsPU
പെൺകുട്ടികളെ കണ്ടെത്തുക എന്നതാണ് ആദ്യ പരിഗണന എന്നതായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. കുട്ടികളെ തിരിച്ചുകൊണ്ടുവന്നശേഷം അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും സുരക്ഷാ വീഴ്ച അടക്കമുള്ള അന്വേഷണങ്ങൾ തുടരുകയും ചെയ്യും.
പോക്സോ കേസ് ഇരകളടക്കമുള്ള കുട്ടികളാണ് ഹോമിൽ നിന്ന് പുറത്തുപോയത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ.ജി.ഒ നടത്തുന്ന ഷെൽട്ടർ ഹോം ശിശുക്ഷേമ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്നതാണ്. രാവിലെ 5.30 കുട്ടികളെ വിളിച്ചുണർത്താൻ പോയപ്പോഴാണ് കാണാനില്ലെന്ന് ജീവനക്കാർ മനസിലാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
നേരത്തെയും ഇതേ ഷെൽട്ടർ ഹോമിൽ നിന്ന് അഞ്ച് പെൺകുട്ടികളെ കാണാതായിരുന്നു. അവരെ പിന്നീട് പൊലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു.