ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നിനു പിറകെ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ,തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജങ്ഷന് സമീപം എസ്.എന്‍.ഡി പി ശാഖായോഗം ഗുരുമന്ദിരത്തിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്. രാവിലെ 8.30ന് അമ്പലപ്പുഴ ഭാഗത്തു നിന്നുമെത്തിയ ഫോര്‍ഡ് എക്കോസ്‌പോര്‍ട്‌സ് കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാര്‍ മൂന്ന് പ്രാവശ്യം മറിഞ്ഞാണ് നിന്നത്. ഇന്നോവ കാറില്‍ ഇടിച്ച ശേഷം ഫോര്‍ഡ് കാര്‍ മത്സ്യ വ്യാപാരികളുടെ പിക്കപ്പ് വാനിലും ഇടിച്ചു കയറി. അപകടത്തില്‍ ഇന്നോവ കാറില്‍ സഞ്ചരിച്ചിരുന്ന പന്തളം സ്വദേശികളായ സിജോ, നൗഷാദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് അമ്യത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ പുറപ്പെടുമ്പോഴാണ് സിജോയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.
ഫോര്‍ഡ് കാര്‍ ഓടിച്ചിരുന്ന അന്‍വര്‍ ഷായും, പിക്കപ്പ് വാഹനത്തില്‍ സഞ്ചരിച്ചിരുന്ന മത്സ്യ വ്യാപാരികളായ അമ്പലപ്പുഴ സ്വദേശികള്‍ നൗഫല്‍, സലാവുദ്ദീന്‍ എന്നിവരും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞെത്തിയ എടത്വാ പൊലീസിന്റേയും, തകഴി ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും നേത്യത്വത്തിലാണ് വാഹനത്തില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തിറക്കിയത്.