തിരുവനന്തപുരം : പിന്‍വാതില്‍ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് തിരുവനന്തപുരം മേയറുടെ ലെറ്റര്‍പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് പുറത്ത് വന്നത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ക്രൈംബ്രാഞ്ചും വിജിലന്‍സും ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തുകയാണ്.
വിവാദ കത്തില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലന്‍സും മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയെടുത്തു. കോര്‍പ്പറേഷന്‍ ഓഫീസിലെ ക്ലര്‍ക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഓഫീസിലെ ജീവനക്കാര്‍ക്ക് എടുക്കാന്‍ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റര്‍ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ജീവനക്കാരുടെ മൊഴി. മാധ്യമങ്ങളില്‍ കാണുന്ന ശുപാര്‍ശ കത്ത് തങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു.
നേരത്തെ വിജിലന്‍സ് അന്വേഷണ സംഘം, മേയര്‍ ആര്യാ രാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴിയെടുത്തിരുന്നു. കരാര്‍ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയര്‍ അന്വേഷണ സംഘങ്ങള്‍ക്ക് നല്‍കിയ മൊഴി. നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വിശദീകരിക്കുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലാണ്.