ടെക്സാസ്: ടെക്സാസില്‍ എയര്‍ഷോയ്ക്കിടെ രണ്ട് ലോകമഹായുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറുപേര്‍ കൊല്ലപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ബോയിങ് ബി-17 ബോംബർ വിമാനവും ബെൽ പി -63 കിങ് കോബ്ര എന്ന ചെറുവിമാനവുമാണ് കൂട്ടിയിടിച്ചത്. മെമ്മോമറേറ്റീവ് എയർഫോഴ്സ് വിങ്സ് ഓവർ ഡാലസ് എന്ന പരിപാടിക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട ബെൽ പി -63 കിങ് കോബ്ര, ബോയിങ് ബി-17 ബോംബർ വിമാനത്തിൽ ഇടിച്ചു കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഒരേ സമയം നിരവധി വിമാനങ്ങൾ പറക്കുന്നുണ്ടായിരുന്നു. പശ്ചാത്തലത്തിൽ ദേശഭക്തി ഗാനം മുഴങ്ങുന്നതും കേൾക്കാം. ആളുകൾ ഭീതിയോടെ നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം.
എയര്‍ഷോയിലെ കമന്റേറ്റര്‍ ഓരോ വിമാനങ്ങളുടെയും പ്രാധാന്യം വിവരിക്കുമ്പോഴാണ് അപ്രതീക്ഷിത അപകടം ഉണ്ടായത്. ഹൃദയഭേദകമെന്നാണ് വിമാനാപകടത്തെ ഡാലസ് മേയർ എറിക് ജോൺസൺ വിശേഷിപ്പിച്ചത്. കൂട്ടിയിടിയുടെ കാരണം അവ്യക്തമാണെന്നും അന്വേഷണം നടത്തുമെന്നും എറിക് ജോൺസൺ ട്വീറ്റ് ചെയ്തു.
യുഎസ് കമ്പനിയായ ബെൽ ക്രാഫ്റ്റ് നിർമിച്ച യുദ്ധവിമാനമായ കിങ് കോബ്ര സോവിയറ്റ് സേനയാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ ബോംബ് ആക്രമണത്തിന് ഉപയോഗിച്ചിരുന്ന നാല് എൻജിൻ ബോംബറാണ് ബി-17. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
2019 ഒക്ടോബർ രണ്ടിന് യുഎസിലെ വിൻഡ്സർ ലോക്സിലെ വിമാനത്താവളത്തിൽ ബി-17 വിമാനം അപകടത്തിൽപെട്ട് ഏഴ് പേർ മരിച്ചിരുന്നു.
Discussion about this post