പ്രണയത്തിന് വേണ്ടി രാജ്യവും പദവിയും രാജകൊട്ടാരവും ഉപേക്ഷിച്ച് സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിവന്ന രാജകുമാരിമാർ മുത്തശ്ശി കഥയിലാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇക്കാലത്തും കൊട്ടാരവും പ്രശസ്തിയും രാജപദവിയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ രാജകുമാരി ഉണ്ട്.
നോർവീജിയൻ രാജകുമാരി മാർത്ത ലൂയിസ്. മന്ത്രവാദിയും സ്വയം പ്രഖ്യാപിത വൈദ്യനുമായ ആഫ്രോ അമേരിക്കൻ വംശജൻ ഡ്യൂറെക് വെററ്റാണ് രാജകുമാരി മാർത്തയുടെ ഹൃദയം കവർന്നത്. കാൻസറിനടക്കം മന്ത്രവാദ ചികിത്സ നടത്തുന്നയാളെന്നാണ് ഡ്യുറെക് അവകാശപ്പെടുന്നത്.
മായമോ, മന്ത്രമോ 51കാരി മാർത്തയ്ക്ക് ഡ്യുറെക് എന്നാൽ ജീവനാണ്. ഇരുവരും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ജൂണിൽ ഇരുവരും വിവാഹനിശ്ചയം നടത്തി. അതോടെ കൊട്ടാരത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഇരുവരും വിവാഹിതരാകുന്നതിനോട് മാർത്തയുടെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ താത്പര്യമില്ലായിരുന്നു. ഡ്യുറെകിന്റെ നിറവും വംശവും ജോലിയുമെല്ലാം ഒരുപക്ഷേ, അവനോട് മുഖം തിരിക്കാനുള്ള കാരണങ്ങളായിരിക്കാം.ഒപ്പം വിവാഹം കഴിഞ്ഞാൽ ഇരുവർക്കും കൊട്ടാരത്തിൽ എന്തുപദവി നൽകുമെന്നും ചോദ്യങ്ങൾ ഉയർന്നു.
ആശയക്കുഴപ്പം തലവേദനയായതോടെ താൻ രാജ്യവും രാജകുമാരി എന്ന പദവിയും ഉപേക്ഷിക്കുകയാണെന്നും എല്ലാത്തിനേക്കാളും വലുത് തന്റെ പ്രണയമാണെന്നും മാർത്ത പ്രഖ്യാപിച്ചു.
https://youtu.be/KXWZQn1EB1s
താൻ ഇനിമുതൽ നോർവേയിലെ കൊട്ടാരത്തിലെ പ്രതിനിധിയല്ലെന്നാണ് മാർത്ത പ്രഖ്യാപിച്ചത്. ഇനിമുതൽ കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കില്ല. രാജകുടുംബത്തിന്റെ സമാധാനം മുന്നിൽക്കണ്ടാണ് തീരുമാനം. നോർവേയിലെ രാജസിംഹാസനത്തിലെത്താൻ നാലാം സ്ഥാനത്തായിരുന്നു മാർത്ത.രാജകുമാരിയും പ്രതിശ്രുതവരനും രാജകീയ പദവി വാണിജ്യ നേട്ടത്തിനായും മന്ത്രവാദ ചികിത്സാ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിച്ചതായി വിമർശനങ്ങൾ ഉയർന്നിരുന്നു. മാർത്ത ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച വിവരം കൊട്ടാരവും ശരിവച്ചു. മാർത്ത രാജകുമാരി ഇനിമുതൽ കൊട്ടാരത്തിലെ പ്രതിനിധിയായിരിക്കില്ലെന്ന് മാർത്തയുടെ പിതാവ് ഹെറാൾഡ് രാജാവും രാജ്ഞിയും പ്രഖ്യാപിച്ചു.
2022 ൽ നോർവീജിയൻ എഴുത്തുകാരനും ആർട്ടിസ്റ്രുമായ അരി ബെന്നിനെയാണ് മാർത്ത ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ മൂന്നു കുട്ടികളുണ്ട്. 2017ൽ ഇരുവരും വിവാഹമോചിതരായി.വിഷാദരോഗിയായ അരി ബെൻ 2019 ക്രിസ്തുമസ് ദിനത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
ആറാം തലമുറ മന്ത്രവാദ ചികിത്സകൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഡ്യുറെക് താൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്രവനാണെന്നാണ് പറയുന്നത്.
2011 സെപ്തംബറിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്നും ഡ്യുറെറ്റ് അവകാശപ്പെടുന്നു.
പ്രതിഭകൾ എന്നും തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും തന്നെ വിമർശിക്കുന്നതിന് പിന്നിൽ വംശീയതയാണെന്നും ഡ്യുറെക് ആരോപിച്ചു.
വിവാഹശേഷം മാർത്ത ഡ്യൂറെകുമൊത്ത് കാലിഫോർണിയയിലേക്ക് താമസം മാറ്റുമെന്നാണ് വിവരം.