പൊലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

കൊല്ലം: രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ അടിസ്ഥാന സൗകര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പോലീസ് സേനയിലെ വിരലില്‍ എണ്ണാവുന്ന ചിലര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവര്‍ത്തി മൂലം സേനക്ക് തല കുനിയ്‌ക്കേണ്ടി വരുന്നു. പൊലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം റൂറല്‍ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെക്കാള്‍ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പൊലീസുകാര്‍ കാണുകയും ഇടപെടുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ ഉള്‍പ്പടെയുള്ള പ്രവണതകള്‍ ഉണ്ടാകുന്നില്ല എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു വരികയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. 18 മാസം (ഒന്നര വര്‍ഷം) വരെ ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കും. പോലീസ് കണ്‍ട്രോള്‍ റൂമിലും ഈ ദൃശ്യങ്ങള്‍ കാണാനാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

 

Exit mobile version