തിരുവനന്തപുരം: ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കേരളത്തിലെ ഗവര്‍ണര്‍ക്ക് സി. പി. രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാല്‍ നന്നാകുമെന്നും മന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നു. സിപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് തങ്ങള്‍ സ്മാരകം പണിതിട്ടുണ്ടെന്ന് പറഞ്ഞു. കൊലപാതകികള്‍ക്ക് ആദരവു നല്‍കുമെന്നും പറഞ്ഞു. ഇത് ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ്‌മോഡല്‍ പ്രസംഗത്തെക്കാള്‍ ഗുരുതരമാണ്.
ഭരണഘടനാ പദവിയിലിരിക്കുന്നവരെ വധിക്കുമെന്ന് പറയുന്നത് തീവ്രവാദ സംഘടനകളാണ്. അതേ ശൈലിയാണ് മന്ത്രിയും സ്വീകരിച്ചത്. മുഖ്യമന്ത്രിയും ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണ്.കവലച്ചട്ടമ്പികളെ പോലെ പെരുമാറുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളുടെ നിലവാരത്തിലേക്ക് താഴുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ജനാധിപത്യരീതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിലപാടാണോ മന്ത്രി ശിവന്‍കുട്ടി പറഞ്ഞതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിനിലപാട് സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കണം.
പാകിസ്ഥാന്‍വാദം അംഗീകരിച്ചയാളെന്ന് സര്‍ സിപിയെ അധിക്ഷേപിക്കുകയാണ് ശിവന്‍കുട്ടി. മന്ത്രിക്ക് ചരിത്രം അറിയാത്തത് കൊണ്ടാണ്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ അന്നത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി.ജോഷി ഇത് സംബന്ധിച്ച് തന്റെ പേരുവച്ചെഴുതിയ വിശദമായ ലേഖനം മന്ത്രി വായിക്കണം. സര്‍ക്കാരിന്റെ ജനാധിപത്യ നിഷേധത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ 18, 19 തീയതികളില്‍ ജില്ലാകേന്ദ്രങ്ങളില്‍ ബിജെപി പ്രതിഷേധ മാര്‍ച്ചും യോഗവും സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച മന്ത്രി ശിവന്‍കുട്ടിയെ അറസ്റ്റുചെയ്യണമെന്ന് ബി.ജെ.പി
17, 18 തീയതികളില്‍ ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച്
