ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ തമിഴ് ഭാഷയെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ് ഭാഷയും അതിന്റെ വ്യാകരണവും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒന്നാണെന്നും അവ ജനകീയമാക്കുന്നത് രാജ്യത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണെന്നും അമിത് ഷാ ശനിയാഴ്ച ചെന്നൈയില്‍ പറഞ്ഞു.
ചെന്നൈയില്‍ നടന്ന ഇന്ത്യ സിമന്റ്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. തമിഴ് ഭാഷയില്‍ മെഡിക്കല്‍, സാങ്കേതിക വിദ്യാഭ്യാസം നല്‍കണമെന്ന് ഷാ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്നാണ് തമിഴ്. അതിന്റെ വ്യാകരണവും ഏറ്റവും പഴക്കമുള്ള ഒന്നാണ്. തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം നേടാനും അവരുടെ മാതൃഭാഷയില്‍ ഗവേഷണവും വികസനവും നടത്താനും തമിഴ് ഭാഷയില്‍ മെഡിക്കല്‍, സാങ്കേതിക വിദ്യാഭ്യാസം നല്‍കണമെന്ന് ഞാന്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഷാ പറഞ്ഞു.