ബോക്സ് ഓഫീസിൽ ആളിപ്പടർന്ന് കാന്താര; 400 കോടിയിലേക്ക്

ഇന്നലെ വരെ 360 കോടി രൂപയാണ് ചിത്രം നേടിയത്.

ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ കന്നട ആക്ഷൻ ത്രില്ലർ ചിത്രം കാന്താര മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരുകയാണ്. 16 കോടി മുടക്കുമുതലിൽ ഒരുങ്ങിയ ചിത്രം ഇതിനോടകം തെന്നിന്ത്യയിലെ പല റെക്കോഡുകളും തിരുത്തി കുറിച്ചിരിക്കുകയാണ്.

സെപ്തംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയതോടെയാണ് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തിയത്. 2022 ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ കന്നട ചിത്രമായിരിക്കുകയാണ് കാന്താര. ഇന്നലെ വരെ 360 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിൽ ഇന്ത്യയിലെ 328 കോടി രൂപയും വിദേശത്ത് നിന്നുള്ള 30 കോടി രൂപയും ഉൾപ്പെടുന്നു. ചിത്രം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ, ഈ വാരാന്ത്യത്തോടെ കാന്താര 400 കോടി ക്ലബിൽ പ്രവേശിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അനുമാനം. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ 70.50 കോടി രൂപ നേടി.

തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടിയ്‌ക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Exit mobile version