കലാമണ്ഡലം ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി; സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാനത്തെ കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയത്.

പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനാണ് നിലവില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലര്‍. ചട്ട പ്രകാരം സ്‌പോണ്‍സറാണ് ചാന്‍സലറെ നിയമിക്കേണ്ടത്. കലാ സാംസ്‌കാരിക രംഗത്ത പ്രമുഖന്‍ ചാന്‍സിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍. സംസ്ഥാനത്തെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഈ ഉത്തരവിലൂടെ ഇടത് സര്‍ക്കാര്‍.

അതിനിടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയാല്‍ നിയമസഭയില്‍ ബില്ലായി വിഷയം കൊണ്ടുവരുമെന്ന് ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ ചുമതല വഹിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അത് അദ്ദേഹം നിര്‍വഹിക്കുമെന്നാണ് കരുതുന്നത്. ഓര്‍ഡിനന്‍സ് മടക്കിയാല്‍ ഡിസംബറില്‍ നിയമസഭ ചേരുമ്പോള്‍ വിഷയം ബില്ലായി കൊണ്ടുവരുമെന്നും മന്ത്രി ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Exit mobile version