മുണ്ടുമുറുക്കല്‍ തുടരും; കെട്ടിടം മോടി പിടിപ്പിക്കാനും വാഹനം വാങ്ങാനും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഖജനാവിന്റെ സ്ഥിതി കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കല്‍, വാഹനം, ഫര്‍ണീച്ചര്‍ വാങ്ങല്‍ എന്നിവയ്ക്കുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക. കൊവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ.സിംഗ്, ആസൂത്രണ ബോര്‍ഡംഗം ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായുള്ള സമിതിയേയുമാണ് ഇതിനായി നിയോഗിച്ചത്.

നേരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ നീട്ടിയിരുന്നു. ഡിസംബര്‍ 31 വരെയാണ് ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് നീട്ടിയത്. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക സ്ഥിതി കണക്കിലടുത്താണ് ലീവ് സറണ്ടര്‍ ആനുകൂല്യം സര്‍ക്കാര്‍ മരവിപ്പിച്ചത്. നവംബര്‍ മുപ്പത് വരെ ഏര്‍പ്പെടുത്തിയ വിലക്ക് പിന്നീട് നാലു തവണ ദീര്‍ഘിപ്പിച്ചു. ഒരു വര്‍ഷത്തെ മുപ്പത് അവധികളാണ് ജീവനക്കാര്‍ക്ക് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റാനാകുന്നത്.

Exit mobile version