ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ടു പോകും: മന്ത്രി ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഗവര്‍ണര്‍ തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വകലാശാലകളിലെ ചാന്‍സലര്‍മാരെ തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെങ്കില്‍ സഭയില്‍ ബില്ല് പാസാക്കും. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ അനിശ്ചിതത്വമില്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആര്‍ ബിന്ദു വ്യക്തമാക്കി.

കേരളത്തിലെ സര്‍ക്കാര്‍ സംഗീത ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ യോജിച്ചുള്ള പ്രതിഭാവിഷ്‌കാരത്തിന് ആദ്യമായി വേദിയൊരുക്കി സ 22 കലാസംഗീതസമന്വയം നവംബര്‍ 12,13 തീയതികളില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചു. സംഗീത-നാട്യ-നൃത്ത-വാദ്യോപകരണ കലകളുടെ സമന്വയമായ സ 22 സര്‍ഗ്ഗവിരുന്ന് 12ന് രാവിലെ പത്തുമണിക്ക് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. കലാവിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം കലാലയത്തോട് ചേര്‍ന്ന് തൊഴിലും നല്‍കുന്ന മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ക്ക് ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ ആരംഭമാവുന്നതിന്റെ പ്രഖ്യാപനവും മന്ത്രി ബിന്ദു നിര്‍വ്വഹിക്കും.

Exit mobile version