വിമാനയാത്രയ്ക്കിടെ സൈനികന്റെ ജീവൻ രക്ഷിച്ച് കേരളത്തിന്റെ മാലാഖ; നഴ്സ് ഗീതയെ വാഴ്ത്തി രാജ്യാന്തര മാധ്യമങ്ങൾ

മികച്ച നഴ്സിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും കേന്ദ്ര സർക്കാരിന്റെ ഫ്ളോറൻസ് നൈറ്റിം​ഗേൽ പുരസ്കാരവും പി ഗീതയ്ക്ക് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട്: മികച്ച നഴ്സിനുള്ള സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ പുരസ്കാരം നേടിയ കോഴിക്കോട് സ്വദേശിനി പി ഗീത അന്താരാഷ്ട്ര മാധ്യമങ്ങളിൽ താരമായിരിക്കയാണ്. പുരസ്കാരമല്ല ഇക്കുറി ഗീതയെ ശ്രദ്ധേയമാക്കിയത്. മറിച്ച് തന്റെ ജോലിയോടുള്ള അർപ്പണബോധമാണ് ഗീതയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്.
കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് ഗീത നടത്തിയ വിമാനയാത്രയിലാണ് അപ്രതീക്ഷിതമായ സംഭവമുണ്ടായത്. 2020ൽ ഗീതയ്ക്ക് കേന്ദ്രസർക്കാരിന്റെ ഫ്ലോറൻസ് നൈറ്റിം​ഗേൽ പുരസ്കാരം ലഭിച്ചിരുന്നു. പുരസ്കാര ജേതാക്കൾക്കായി രാഷ്ട്രപതി നടത്തുന്ന പ്രത്യേക വിരുന്നിൽ പങ്കെടുക്കാനായാണ് ഗീത ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ വിമാനയാത്രയ്ക്കിടെ ഒരു യാത്രക്കാരൻ കുഴഞ്ഞു വീണു. ഹൃദയഘാതമായിരുന്നു. പെട്ടെന്ന് ഗീതയിലെ കർത്തവ്യബോധം ഉണർന്നു. അയാൾക്ക് സി.പി.ആർ നൽകി ജീവൻ രക്ഷിച്ചു. സൈനികനെ രക്ഷിച്ച നഴ്സിനെ മാധ്യമങ്ങൾ വാഴ്ത്തി.
എന്നാൽ അല്ലാം യാദൃശ്ചികമായിരുന്നുവെന്നാണ് ഗീത പറയുന്നത്.
“പെട്ടെന്നാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്ന ചെറുപ്പക്കാരൻ കുഴഞ്ഞ് വീണത്. ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടോ എന്ന് മറ്റുള്ളവർ ചോദിച്ചു. ഞാൻ ഓടിച്ചെന്ന് അറ്റൻഡ് ചെയ്തു. നോക്കിയപ്പോൾ പേഷ്യന്റിന് ബിപിയും പൾസും ഒന്നും കിട്ടുന്നില്ല. അതിലുണ്ടായിരുന്ന ഒരു ക്രൂവും ഞാനും കൂടി സിപിആർ സ്റ്റാർട്ട് ചെയ്തു. സിപിആർ കൊടുത്തപ്പോൾ തന്നെ ശ്വാസം കിട്ടി. ഫ്ലൈറ്റിൽ വെച്ചു തന്നെ മെഡിസിൻ കൊടുത്തു. കുറെനേരം അവരെ നിരീക്ഷിച്ച് ഇരുന്നു. കോൺഷ്യസ് ആയപ്പോൾ ഒന്നും പേടിക്കാനില്ല, എല്ലാം നോക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. എങ്ങനെയെങ്കിലും ആ പേഷ്യന്റിന്റെ ജീവൻ രക്ഷിക്കുക എന്നേ നോക്കിയുള്ളൂ. സൈനികനാണെന്ന് പിന്നീടാണ് അറിഞ്ഞത്.” ​ഗീതയുടെ വാക്കുകളിൽ വിനയം തുളുമ്പുന്നു.
ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഗീതയുടെ പ്രവൃത്തി റിപ്പോർട്ട് ചെയ്തു. വിമാനം ലാൻഡ് ചെയ്ത ഉടൻ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version