കത്ത് വിവാദം; മേയർക്ക് ഹൈക്കോടതി നോട്ടീസ്, വിശദീകരണം നൽകണം

ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

കൊച്ചി : തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

എൽ‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരി​ഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി.

കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സർക്കാർ നിരത്തിയത്. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തു.

എന്നാൽ ആരോപണം നിലനിൽക്കുന്നത് മേയർക്ക് എതിരെ ആയതിനാൽ വിശദീകരണം നൽകേണ്ടത് മേയർ ആണെന്ന് കോടതി. അതിനാൽ മേയർക്കും പാർലമെന്ററി പാർട്ടി നേതാവ് ഡി ആർ അനിലിനും നോട്ടീസ് നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു. സിബിഐ അടക്കമുള്ളവർ എതിർ കക്ഷികളാണ്. സിബിഐയ്ക്കും നോട്ടീസ് അയക്കും. തിരുവനന്തപുരം ന​ഗരസഭയിൽ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാർ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ ഇത്തരത്തിൽ ന​ഗരസഭയിൽ തിരുകിക്കയറ്റിയിട്ടുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ശ്രീകുമാർ ആരോപിച്ചു.

Exit mobile version