തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തീയിട്ട കേസില്‍ പുതിയ വഴിത്തിരിവ്. കുണ്ടമണ്‍കടവിൽ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രകാശും സുഹൃത്തുക്കളുമാണെന്ന് പ്രകാശിന്റെ സഹോദരൻ മൊഴി നൽകി.
പ്രകാശ് ജനുവരി മൂന്നിന് ആത്മഹത്യ ചെയ്തെന്നും സഹോദരൻ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനു മൊഴിനല്‍കി. പ്രശാന്തിന്റെ രഹസ്യമൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
ഇതിന് പിന്നാലെ സ്വാമി സന്ദീപാനന്ദഗിരി ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടി എന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.
നമ്മളാണ് തീവച്ചത് എന്ന പ്രചാരണത്തിന് വളം വയ്ക്കുകയാണ് അന്ന് എല്ലാവരും ചെയ്തത്. അതിന് പ്രോത്സാഹിപ്പിക്കുകയായിരുന്നു പലരും. പുതിയ വെളിപ്പെടുത്തലോടെ അതിന് മാറ്റം വരുമല്ലോ. ഈ പരിസരത്ത് ഉള്ളവരാണ് ഇത് ചെയ്തതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നു. അന്വേഷത്തിന്റെ ആദ്യഘട്ടത്തില്‍ ചില പാളിച്ചകളുണ്ട്.
https://youtu.be/KTAfGvPaKds
പ്രതിയായ ഇപ്പോള്‍ പറയുന്ന പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. അതിലും അന്വേഷണം നടത്തണം. ആര്‍എസ്എസ് തന്നെയാണ് ഇതിന് പിന്നില്‍ എന്നാണ് അന്നും ഇന്നും പറഞ്ഞത്. സത്യം ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തും. കേസ് വൈകിയതിനെക്കുറിച്ചല്ല ഇപ്പോഴത്തെ കണ്ടെത്തലാണ് പ്രധാന്യം. കേസില്‍ തുടര്‍ അന്വേഷണം സമഗ്രമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ വാര്‍ത്ത അറിയുന്നത്, പൊലീസ് ഔദ്യോഗികമായി വിവരം നല്‍കിയിട്ടില്ല എന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു.
2018 ഒക്ടോബർ 27 ന് പുലർച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ചു നശിപ്പിക്കാൻ ശ്രമമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ചിന് ഇതുവരെ പ്രതികളെ കണ്ടെത്താനായിരുന്നില്ല. പ്രതിയെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പല ആരോപണങ്ങളും അഭ്യൂഹങ്ങളും ഉയര്‍ന്ന് വന്നിരുന്നു. അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും അനന്തര നടപടികളും മരവിച്ചു.
സംഭവ ദിവസം ആശ്രമത്തിലെ സിസിടിവിയും പ്രവര്‍ത്തിച്ചിരുന്നില്ല.നാലരവര്‍ഷങ്ങള്‍ക്ക് ശേഷം ആശ്രമം കത്തിച്ചത് പ്രദേശവാസിയായ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്ന് പ്രകാശിന്റെ സഹോദരന്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ജീവനൊടുക്കിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ആശ്രമം കത്തിക്കല്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
അതേസമയം, സിപിഎമ്മിന്റെ നിലപാടുകൾക്കൊപ്പം നിൽക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ഈ ആശ്രമം ഔഷധിയുടെ വെൽനെസ് സെന്ററിനു വേണ്ടി ഏറ്റെടുക്കാൻ നീക്കമുണ്ട്. തിരുമല കുണ്ടമൻകടവിൽ കരമനയാറിനു തീരത്ത് 73 സെന്റിൽ സ്ഥിതി ചെയ്യുന്ന ആശ്രമത്തെ വെൽനെസ് സെന്ററായി മാറ്റാനുള്ള പ്രാഥമിക ചർച്ചകൾ അടുത്തിടെ പൂർത്തിയായി. ഔഷധി മാനേജിങ് ഡയറക്ടർ ഡോ. ഹൃദിക് ആശ്രമം സന്ദർശിച്ച് വെൽനസ് സെന്ററിന് അനുയോജ്യമായ സ്ഥലമാണെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു. ആയുർവേദ കേന്ദ്രത്തിനു വേണ്ട സൗകര്യങ്ങളും അന്തരീക്ഷവും ആശ്രമത്തിൽ ഉണ്ടെന്നാണു റിപ്പോർട്ട്.
Discussion about this post