ഡല്‍ഹി: കേരള പൊലീസ് നിയമത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. കേരള പൊലീസ് നിയമം കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേരള പൊലീസ് നിയമം, മദ്രാസ് പൊലീസ് നിയമം തുടങ്ങിയ സംസ്ഥാന പൊലീസ് നിയമങ്ങള്‍ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ചുമത്തുന്നതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ധര്‍ണ നടത്തിയതിന് കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിര്‍ദ്ദേശ പത്രികയില്‍ വെളിപ്പെടുത്താത് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമല്ലെന്നും കോടതി പറഞ്ഞു. 2005-ലെ അന്നമട പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച രവി നമ്പൂതിരിയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്താണ് സുപ്രീംകോടതിയുടെ പരാമര്‍ശം. പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശമെന്നും അഴിമതി നിരോധന നിയമം, ആയുധ നിയമം എന്നിവ ചുമത്തപ്പെട്ട കേസുകളില്‍ പ്രതികളായി ശിക്ഷ ലഭിക്കുന്നവരെ പോലെ കേരള പൊലീസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടുന്നവരെ കാണാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, വി. രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.