ഗുജറാത്തില്‍ തിരിച്ചടികളേറ്റ് കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എംഎല്‍എ

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ തിരിച്ചടികളേറ്റ് കോണ്‍ഗ്രസ്. പത്തുതവണ എംഎല്‍എയായ നേതാവ് മോഹന്‍സിന്‍ഹ് രത്‌വ പാര്‍ട്ടി വിട്ടതിന് പിന്നാലെ മറ്റൊരു എംഎല്‍എയായ ഭാഗഭായ് ബരാഡും ഇന്ന് രാജിവച്ചു. സംസ്ഥാനത്ത് തിരിച്ചുവരവ് ആഗ്രഹിക്കുന്ന പാര്‍ട്ടിക്ക് തിരിച്ചടിയായി സിറ്റിംഗ് എംഎല്‍എമാരുടെ രാജി തുടരുകയാണ്. ജുനാഗഥ് ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും എംഎല്‍എയുമാണ് ഭാഗഭായ് ബരാഡ്.

സൗരാഷ്ട്രയിലെ തലാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബരാഡ് ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. സൗരാഷ്ട്ര മേഖലയില്‍ സ്വാധീനമുള്ള അഹിര്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് ബരാഡ്. ബിജെപി സ്ഥാനാര്‍ത്ഥിയായി തലാലയില്‍ നിന്ന് ബരാഡ് ഇത്തവണ ജനവിധി തേടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിനിറങ്ങും മുന്‍പ് തന്നെ പാളയത്തിലെ പട നേരിടേണ്ടി വരുന്നത് ഗുജറാത്തില്‍ കോണ്‍ഗ്രസിന് തീരാ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇന്നലെ ഛോട്ടാ ഉദേപൂരില്‍ നിന്ന് 10 തവണ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ മോഹന്‍ സിംഗ് രത്‌വയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഇറക്കുമതി കയറ്റുമതി കമ്പനികള്‍ പോലെയെന്ന് ആംആദ്മി പാര്‍ട്ടി പരിഹസിച്ചു. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പോലും ഇതുവരെ പുറത്ത് വിടാത്ത ബിജെപി ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെന്നാണ് പറയുന്നത്. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്ത് വരുമെന്നാണ് വിവരം.

 

 

Exit mobile version