ന്യൂഡൽഹി: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. യു.യു ലളിതിന്റെ പിൻഗാമിയായിവരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയിൽ രണ്ടു വർഷമുണ്ടാകും. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 2024 നവംബർ 24ന് വിരമിക്കും. 1959 നവംബർ 11നാണ് ജനനം. മുംബൈയിലെ കോൺവെന്റ് സ്‌കൂൾ വിദ്യാഭ്യാസത്തിനും ഡൽഹി സെന്റ് സ്റ്റീഫൻസ് പഠനത്തിനും ശേഷം ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദവും അമേരിക്കയിലെ ഹാർവഡ് ലോ സ്‌കൂളിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ജുഡീഷ്യൽ സയൻസിൽ ഡോക്ടറേറ്റും നേടി.
1998ൽ 39ാം വയസ്സിൽ മുതിർന്ന അഭിഭാഷകനായി. എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ പദവിയിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാജ്‌പേയി അധികാരത്തിലിരിക്കുമ്പോൾതന്നെ ബോംബെ ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി.
2000 മാർച്ച് 29നാണ് അഡിഷണൽ ജഡ്ജിയായത്. 2013 ഒക്ടോബർ 31ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.
Discussion about this post