ബെംഗളൂരു: കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച സിവില്‍ കോടതി ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. പകര്‍പ്പവകാശ പരാതി ഉയര്‍ന്ന വീഡിയോകള്‍ പിന്‍വലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പം, കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സിവില്‍ കോടതി ഉത്തരവിട്ടത്. പകര്‍പ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബംഗളൂരു സിറ്റി സിവില്‍ കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം.