തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമര്‍ശനം.
ധനമന്ത്രിയെ പുറത്താക്കാണമെന്ന് നിര്‍ദ്ദേശം നല്‍കിയത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയില്‍ പറയുന്നു.വീടുകള്‍ തോറും ലഘുലേഖാ വിതരണം ചെയ്തു. ചാന്‍സിലറുടെ നീക്കങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ആര്‍എസ്എസിന്റെ ചട്ടുകമായ ഗവര്‍ണറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു.
ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇടത് മുന്നണിക്കും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ഗവര്‍ണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്.
കരുത്തിന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്‌നമില്ല എന്നത് ഗവര്‍ണര്‍ മനസ്സിലാക്കുന്നതാണ് നല്ലത്.
കേന്ദ്രത്തിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന ഭയമൊന്നും സിപിഎമ്മിനില്ല. ഏത് വിവാദത്തില്‍ വേണമെങ്കിലും ഇടപെടട്ടെ. തുറന്ന പുസ്തകം പോലെ എല്ലാം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കാത്ത ഒരു നിലപാടും സിപിഎമ്മും ഇടത് മുന്നണിയും കൈകാര്യം ചെയ്യില്ല. ജനങ്ങള്‍ക്ക് ഒപ്പമാണ്, ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.