പരിശോധനയില്ലാതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്; കേരളത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ഡല്‍ഹി: കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ സ്വകാര്യ മെഡിക്കല്‍ കോളേജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ സുപ്രീം കോടതി വിശദീകരണം തേടി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളേജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിലാണ് വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

വാളയാറില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി എന്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. പുതിയ കോളേജുകള്‍ക്ക് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കുന്നതെന്ന് വി എന്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ഇക്കാലയളവില്‍ ചെര്‍പ്പുളശ്ശേരിയിലെ റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളേജിന് പരിശോധന പോലും നടത്താതെ അവശ്യ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയും സുപ്രീം കോടതിക്ക് കൈമാറി. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

 

Exit mobile version