ഗവര്‍ണറുടെ നോട്ടീസ്: പത്ത് വിസിമാരും വിശദീകരണം നല്‍കി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കല്‍ നോട്ടീസിന് 10 വിസിമാരും വിശദീകരണം നല്‍കി. വിസിമാര്‍ക്ക് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്. അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.

അതിനിടെ, കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാന്‍ സെര്‍ച്ച് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിര്‍ദേശം ചെയ്യാത്ത പക്ഷം തുടര്‍നടപടി കൈക്കൊള്ളാന്‍ ചാന്‍സലറോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. സര്‍വകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.

 

Exit mobile version