തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. തുടർച്ചയായ മൂന്നാം ദിവസമാണ് നിയമനക്കത്തുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നത്. പ്രധാനപ്പെട്ട കവാടം മറികടന്ന് അകത്തേക്ക് ഓടിക്കയറാൻ യുവമോർച്ച പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യുവമോർച്ച പ്രവർത്തകർക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരും പുറത്തേക്ക് വന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കത്ത് വിവാദവുമായി ബന്ധപ്പെട്ട് അപവാദപ്രചാരണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തമാശയാണെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. വിഷയം വളരെ ഗൗരവമുള്ളതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പിന്നീട് പൊലീസിൽ പരാതി നൽകും. മേയർ സെക്ഷനാണ് ലെറ്റർ പാഡുകൾ സൂക്ഷിക്കുന്നത്. ഓഫീസിലെ ആർക്കും എടുക്കാനാവുന്ന രൂപത്തിലാണ് ലെറ്റർ പാഡുകൾ ഉള്ളത്. ഇക്കാര്യത്തിൽ പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്.
https://youtu.be/PTt0ntolv9M
ഓഫീസിൽ നിന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചു. അന്വേഷിക്കാമെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ അന്വേഷണത്തിന്റെ തുടർനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താൻ നേരിട്ടോ അല്ലാതെയോ കത്ത് എഴുതിയിട്ടും ഒപ്പിട്ടിട്ടുമില്ല. ലെറ്റർഹെഡിന്റെ ഭാഗവും ഒപ്പ് വരുന്ന ഭാഗവും കത്തിന്റെ കോപ്പിയിൽ അവ്യക്തമാണ്. ഈ കാലത്ത് വ്യാജക്കത്ത് നിർമിക്കുക പ്രയാസമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാമല്ലോ. നിയമനത്തിൽ ഒരു ഇടപെടലും നടത്തിയിട്ടില്ല. എഡിറ്റ് ചെയ്യപ്പെട്ട കോപ്പിയാണ് താൻ കണ്ടത്. കണ്ടന്റ് വ്യക്തമാകുന്ന രൂപത്തിലാണ് അത് എടുത്തിട്ടുള്ളത്. സർക്കാർ ഇടപെടൽ കൂടി തേടിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
മേയറുടെ ഓഫീസിനെ ഇക്കാര്യത്തിൽ സംശയിക്കാനാവില്ല. മേയർ സെക്ഷനിൽ ക്രമക്കേട് നടന്നതായി സംശയമില്ല. ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരുടെ ഇടപെടൽ കൗതുകകരമാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ തനിക്ക് ഒന്നും ഒളിക്കാനില്ല. മേയറുടെ ഓഫീസോ താനോ കത്ത് നൽകിയിട്ടില്ല. കത്തിന്റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫീസിനേയും തന്നെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്.
Discussion about this post