ഭാരത് ജോഡോ യാത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം

ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ബെംഗളൂരു കോടതി ട്വിറ്ററിന് നിര്‍ദേശം നല്‍കി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളില്‍ പകര്‍പ്പവകാശം ലംഘിച്ച് കന്നഡ ചിത്രമായ കെജിഎഫ് 2 ലെ സംഗീതം ഉപയോഗിച്ചതിനെതിരെ എംആര്‍ടി മ്യൂസിക് നല്‍കിയ പരാതിയിലാണ് നടപടി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള എംആര്‍ടി മ്യൂസിക് യശ്വന്ത്പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്.

കെ.ജി.എഫ് 2 ന്റെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം ഭീമമായ തുകയ്ക്കാണ് വാങ്ങിയതെന്ന് കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. പാട്ടുകള്‍ നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങള്‍ കലര്‍ത്തി പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്ന് തോന്നുന്ന വിധത്തില്‍ പ്രചരിപ്പിച്ചുവെന്ന് എംആര്‍ടി മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ലോഗോ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.

 

Exit mobile version