ഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പടെയുള്ള കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയല്‍ ഗിനി സര്‍ക്കാര്‍. കപ്പല്‍ കൈമാറുമെന്ന് അറിയിച്ച് എക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ഇതിനിടെ സഹായം അഭ്യര്‍ത്ഥിച്ച് വീണ്ടും കപ്പല്‍ ജീവനക്കാര്‍ വീഡിയോ പുറത്ത് വിട്ടു.
പതിനാറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഹീറോയിക് ഇഡുന്‍ കപ്പലിന്റെ തൊട്ടടുത്ത് നൈജീരിയന്‍ നാവികസേന കപ്പല്‍ രണ്ട് ദിവസമായിട്ടുണ്ട്. ഏത് നിമിഷവും കപ്പല്‍ കസ്റ്റഡിയില്‍ എടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നതാണ് കപ്പലിലെ ജീവനക്കാരുടെ ആശങ്ക. ഇതിന് പിന്നാലെ എക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ് ടെഡി ന്‍ഗ്വേമ കപ്പല്‍ കൈമാറുമെന്ന് ട്വീറ്റും ചെയ്തു. നൈജീരിയന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയല്‍ ഗിനി സര്‍ക്കാരിന്റെ വാദം. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കപ്പല്‍ കമ്പനിയില്‍ നിന്ന് ഇരുപത് ലക്ഷം ഡോളര്‍ പിഴ ഈടാക്കിയതിന് ശേഷമാണ് ഈ കൈമാറ്റം. ക്രൂഡ് ഓയില്‍ മോഷണം അടക്കമുള്ള ആരോപണമാണ് നൈജീരിയ കപ്പലിനെതിരെ ഉന്നയിക്കുന്നത്.
Discussion about this post