ഡൽഹി: സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളിലേക്കായി നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു. നാലിടത്ത് ബിജെപി വിജയിച്ചപ്പോൾ ഒരിടത്ത് ടിആർഎസും ഒരിടത്ത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും വിജയിച്ചു. ഹരിയാനയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങൾ ബിജെപി നിലനിർത്തിയപ്പോൾ ബിഹാറിലെ മൊകാമ ആർജെഡി തന്നെ നിലനിർത്തി. ഒഡിഷയിലെ ധാംനഗറിൽ ബിജെപി വിജയിച്ചപ്പോൾ തെലങ്കാനയിലെ മനുഗോഡ ടിആർഎസ് നേടി. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സഖ്യവും വിജയിച്ചു.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഹരിയാനയിലെ അദംപുർ ബിജെപി പിടിച്ചു. കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി രാജിവച്ച് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് അദംപുരിൽ തിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. 16,606 വോട്ടിനാണ് അദംപുരിൽ കുല്‍ദീപ് ബിഷ്‌ണോയിയുടെ മകനും ബിജെപി സ്ഥാനാർഥിയുമായ ഭവ്യ ബിഷ്‌ണോയിയുടെ വിജയം. ബിജെപിയുടെ സിറ്റിങ് സീറ്റായ ബിഹാറിലെ ഗോപാല്‍ഗഞ്ചിൽ പാർട്ടി സ്ഥാനാർഥി കുസുമം ദേവി 1,800 വോട്ടുകൾക്ക് വിജയിച്ചു. ആകെ 70,032 വോട്ടുകൾ നേടിയ കുസുമം ദേവി ആർജെഡിയുടെ മോഹൻ ഗുപ്‌തയെ ആണ് പരാജയപ്പെടുത്തിയത്.
ഉത്തർപ്രദേശിലെ ബിജെപിയുടെ സിറ്റിങ് സീറ്റായ ഗൊല ഗൊരഖ്നാഥ് അവർ നിലനിർത്തി. ഗൊല ഗൊരഖ്നാഥിലെ ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. അരവിന്ദ് ഗിരിയുടെ മകൻ അമൻ ഗിരിയെ രംഗത്ത് ഇറക്കി പ്രചാരണം കൊഴുപ്പിച്ച ബിജെപി വിജയം നേടുകയായിരുന്നു. 34,298 വോട്ടിനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ വിനോദ് തിവാരിയെ അമൻ ഗിരിപരാജയപ്പെടുത്തിയത്.
ബിഹാറിൽ രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ആർജെഡിയും ബിജെപിയും സിറ്റിങ് സീറ്റുകൾ നിലനിർത്തി. മൊകാമയിൽ ആർജെഡി സ്ഥാനാർഥി നീലം ദേവിയും ഗോപാൽഗഞ്ചിൽ ബിജെപിയുടെ കുസും ദേവിയുമാണു വിജയിച്ചത്. ജെഡിയു എൻഡിഎ വിട്ടശേഷം നടന്ന തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ ഗോപാൽഗഞ്ചിൽ ഭൂരിപക്ഷം ഇടിഞ്ഞെങ്കിലും വിജയിക്കാനായത് ബിജെപിക്ക് ആശ്വാസമായി. വാശിയേറിയ മൽസരത്തിൽ ബിജെപി സ്ഥാനാർഥി കുസുംദേവി 1794 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആർജെഡി സ്ഥാനാർഥി മോഹൻ കുമാർ ഗുപ്തയെ പരാജയപ്പെടുത്തിയത്. മൊകാമയിൽ ആർജെഡി സ്ഥാനാർഥി നീലം ദേവി 16,741 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ സോനം ദേവിയെ തോൽപിച്ചത്.
ശിവസേനാ മുൻനേതാവ് അന്തരിച്ച രമേഷ് ലാത്കെയുടെ ഭാര്യയും ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാർഥിയുമായ റുതുജ ലാത്കെ മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ വൻ വിജയം നേടി. 66,000 വോട്ടിനാണ് റുതുജ ജയിച്ചു കയറിയത്. അന്തരിച്ച എംഎൽഎയുടെ ഭാര്യ മത്സരിക്കുന്ന സാഹചര്യത്തിൽ അന്ധേരി ഈസ്റ്റിലെ സ്ഥാനാർഥിയെ ബിജെപി പിൻവലിച്ചിരുന്നു. എൻസിപിയും കോൺഗ്രസും പിന്തുണച്ചിരുന്നതിനാൽ റുതുജയുടെ ഭൂരിപക്ഷത്തിൽ മാത്രമേ ഉദ്ധവ് വിഭാഗത്തിന് സംശയം ഉണ്ടായിരുന്നുള്ളു.
തെലങ്കാനയിലെ മനുഗോഡയിൽ ബിജെപിയും ടിആർഎസും വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും 11 റൗണ്ട് വോട്ട് എണ്ണി കഴിയുമ്പോൾ പതിനായിരത്തിലധികം വോട്ടുകൾക്ക് ടിആർഎസ് സ്ഥാനാർഥി കെ.പ്രഭാകർ റെഡ്ഡി വിജയിച്ചു. കോണ്‍ഗ്രസ് എംഎല്‍എ കെ.രാജഗോപാല്‍ റെഡ്ഡി, എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. കെ.രാജഗോപാല്‍ റെഡ്ഡി തന്നെയാണ് ബിജെപിക്കായി കളത്തിലിറങ്ങിയത്. ശ്രാവന്തി റെഡ്ഡിയായിരുന്നു കോൺഗ്രസ് സ്ഥാനാർഥി.
ഒഡിഷയിലെ ധാംനഗറില്‍ ബിജെപി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കായി രംഗത്തിറങ്ങിയ മകൻ സൂര്യബൻഷി സൂരജ് വിജയിച്ചു. 9881 വോട്ടുകൾക്കാണ് സൂര്യബൻഷി വിജയിച്ചത്.