ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കുള്ള 10 ശതമാനം സംവരണം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജസ്റ്റിസ് ജെ.ബി. പർദ്ദിവാല എന്നിവർ അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.
സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമല്ല എന്നാണ് കോടതി നിരീക്ഷണം, അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരി വച്ച വിധിയോട് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിച്ചു
https://youtu.be/PTt0ntolv9M
സെപ്‌തംബറിൽ ഒരാഴ്‌ച വാദം കേട്ട ശേഷം തിങ്കളാഴ്ച വിധി പറയാൻ മാറ്റുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ 2019ലെ 103-ാം ഭരണഘടനാ ഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് കോടതി പരിശോധിച്ചത്. സാമ്പത്തികാവസ്ഥ സംവരണത്തിന് മാനദണ്ഡമാക്കാൻ കഴിയില്ലെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ ഭരണഘടനാ ബെഞ്ച് വിധി ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 50ശതമാനം സംവരണമെന്ന അടിസ്ഥാന സംവരണ തത്വത്തെ വെല്ലുവിളിക്കുന്നുവെന്നും അവർ വാദിച്ചു. 50 ശതമാനം സംവരണത്തെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. നവംബർ എട്ടിന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അവസാന പ്രവൃത്തി ദിവസത്തിലെ പ്രധാന വിധിയായിരിക്കുമിത്. പ്രമുഖ അക്കാഡമിക് വിദഗ്‌ദ്ധൻ മോഹൻ ഗോപാൽ അടക്കമുള്ളവരുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.
Discussion about this post