തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പറഞ്ഞു.
നിരവധി തവണ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ഗ്രീഷ്മയുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തും. ഗ്രീഷ്മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക.
അതേസമയം ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകര്‍ത്ത് ആരോ അകത്ത് കയറിയത്.കൃത്യം നടന്ന സ്ഥലമായതിനാല്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.
സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി.
ഷാരോണിനെ കൊലപ്പെടുത്തിയത് താനാണ് എന്ന് ഗ്രീഷ്മ കുറ്റം സമ്മതിച്ചപ്പോള്‍ അതേ ദിവസം രാത്രി വീട്ടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു.
അതേസമയം പാറശാല ഷാരോണ്‍ കേസില്‍ കേസന്വേഷേണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.
Discussion about this post