തിരുവനന്തപുരം: കള്ളക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് അബ്ദുല്‍ വഹാബ് എംപിയുടെ മകനെ വസ്ത്രം അഴിച്ച് പരിശോധിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
അബ്ദുല്‍ വഹാബ് എംപി കസ്റ്റംസ് കമീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. വഹാബിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതായി കസ്റ്റംസ് വിശദീകരിച്ചു.
യാത്രക്കാരുടെ പട്ടിക വന്നപ്പോള്‍ എംപിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. എക് റേ പരിശോധനക്ക് ശേഷം വിട്ടയച്ചതായും കസ്റ്റംസ് പറഞ്ഞു.
എംപിയുടെ മകനാണെന്ന് സ്ഥിരീകരിച്ചിട്ടുപോലും മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധനയും നടത്തിയെന്നും ആരോപണം ഉയര്‍ന്ന് വന്നിരുന്നു.
പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് വിട്ടയച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സര്‍ക്കാരിനു പരാതി നല്‍കി. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ടും അധികൃതര്‍ വിശ്വസിച്ചില്ലെന്നും ഇയാള്‍ ആരോപിച്ചു.
കസ്റ്റംസ് പരിശോധന ബന്ധുക്കളെ അറിയിച്ചതോടെ അവര്‍ കസ്റ്റംസുമായി ബന്ധപ്പെട്ടെങ്കിലും ദേഹപരിശോധന നടത്തി. ഇതേതുടര്‍ന്ന് സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ എക്‌സറേ പരിശോധനയ്ക്കായി എംപിയുടെ മകനെ ആശുപത്രിയിലേക്കു മാറ്റി.
എക്‌സ്‌റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്‌ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും പാലിച്ചില്ലെന്നും കസ്റ്റംസിനെതിരെ ആരോപണമുയര്‍ന്നു.