തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കത്ത് അയച്ചെന്ന ആരോപണത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും.
സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കുക. കത്ത് വ്യാജമാണെന്നാണ് മേയര്‍ പറയുന്നത്. കത്ത് വിവാദമായെങ്കിലും മേയര്‍ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. ഇത്തരമൊരു കത്ത് അയച്ചിട്ടില്ലെന്നും കത്തില്‍ പറയുന്ന തീയതില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് മേയര്‍ നല്‍കുന്ന വിശദീകരണം.
ഇന്നു തിരുവനന്തപുരത്ത് എത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുമെന്ന് മേയര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിനും മേയര്‍ നേരിട്ട് കണ്ട് വിശദീകരണം നല്‍കും.
തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെട്ട് ആനാവൂര്‍ നാഗപ്പനു നല്‍കിയ കത്താണ് പുറത്തുവന്നത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.
ഇതിനിടെ, കഴിഞ്ഞ 24നു എസ്എടി ആശുപത്രിയിലെ 9 ഒഴിവുകളിലേക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക അഭ്യര്‍ഥിച്ച് കോര്‍പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനില്‍ ആനാവൂര്‍ നാഗപ്പന് അയച്ച കത്തും പുറത്തുവന്നിരുന്നു.