ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ മുന്നേറ്റവുമായി ബിജെപി; നാല് സീറ്റുകളില്‍ മിന്നും വിജയം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച്

ഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി ബിജെപി. ഏഴില്‍ നാല് മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടി. ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ്, ഹരിയാനയിലെ അദംപുര്‍, ഒഡീഷയിലെ ധം നഗര്‍, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറിയത്. ഗോല ഗോരഖ് നാഥ്, ധംനഗര്‍, ഗോപാല്‍ ഗഞ്ച് എന്നീ മണ്ഡലങ്ങള്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു.

ഹരിയാനയിലെ അദംപുര്‍ കോണ്‍ഗ്രസ് മണ്ഡലമായിരുന്നു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് സീറ്റ് ശിവസേന ഉദ്ധവ് പക്ഷവും നിലനിര്‍ത്തി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച് തെലങ്കാന മുനുഗോഡ് മണ്ഡലത്തില്‍ ടിആര്‍എസ് ലീഡ് ചെയ്യുകയാണ്. ബിജെപി തൊട്ടുപിന്നില്‍ തന്നെയുണ്ട്. ഹരിയാനയിലെ അദംപുര്‍ മണ്ഡലത്തില്‍ 16,606 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ ഭവ്യ ബിഷണോയ് വിജയം നേടിയത്. ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ 34,000 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ബിജെപിയുടെ അമന്‍ ഗിരിക്ക് സാധിച്ചു.

ബിഹാറിലെ ഗോപാല്‍ ഗഞ്ച് നിലനിര്‍ത്താനും പാര്‍ട്ടിക്ക് സാധിച്ചു. ബിഹാറിലെ തന്നെ മൊക്കാമ മണ്ഡലം നില നിര്‍ത്താനായത് ആര്‍ജെഡിക്കും ആശ്വാസമായി. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്ത് നിന്നുള്ള റുത്തുജ ലട്കെ ആണ് വിജയം നേടിയത്. ഉദ്ധവ് പക്ഷത്തിന് അഭിമാന മത്സരമാണ് മുംബൈയില്‍ നടന്നത്.

മുന്‍ സിറ്റിങ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറുന്നതിനായി രാജിവച്ചതിനെ തുടര്‍ന്നാണ് അദംപുരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സേന എംഎല്‍എ രമേഷ് ലട്കെയുടെ അകാല മരണത്തെ തുടര്‍ന്നാണ് അന്ധേരി ഈസ്റ്റ് മത്സരം നടന്നത്. മിക്ക സീറ്റുകളിലും ബിജെപിയും തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), സമാജ്‌വാദി പാര്‍ട്ടി (എസ്പി), ബിജു ജനതാദള്‍ (ബിജെഡി) തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്.

 

Exit mobile version